കായകൽപം: ആരോഗ്യരംഗത്തെ വെല്ലുവിളികൾക്ക് പരിഹാരം തേടി ജനസമ്പർക്ക പരിപാടി
സംസ്ഥാനത്തെ ആരോഗ്യരംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും പൊതുജനങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും നേരിട്ട് മനസ്സിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 'കായകൽപം' എന്ന പേരിൽ സംസ്ഥാനതല ജനസമ്പർക്ക പരിപാടിക്ക് തുടക്കമിട്ടു. ആരോഗ്യ മേഖലയിലെ നിലവിലെ വെല്ലുവിളികളും പ്രവർത്തനപരമായ തടസങ്ങളും നേരിട്ട് മനസ്സിലാക്കി ആരോഗ്യ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിച്ച് പ്രായോഗിക പരിഹാരങ്ങൾ രൂപപ്പെടുത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ആരോഗ്യ സേവനങ്ങളുടെ ഗുണമേന്മ ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജനപങ്കാളിത്തത്തോടെ പുതിയ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെയ്പാണ് 'കായകൽപം'. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ജില്ലയിൽ നടന്നു.
സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കെട്ടിടങ്ങളുടെ അവസ്ഥ, ആധുനിക ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതയും പ്രവർത്തനക്ഷമതയും, ആവശ്യമായ കിടക്കകളുടെയും വാർഡുകളുടെയും അഭാവം, കുടിവെള്ളം, ശുചിമുറി, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പര്യാപ്തത എന്നിവ പരിപാടിയുടെ ഭാഗമായി വിലയിരുത്തും. അതോടൊപ്പം ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ലഭ്യത, വിവിധ തസ്തികകളിലെ ഒഴിവുകൾ, ജോലിഭാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മരുന്നുകളുടെയും ജീവൻരക്ഷാ ഉപകരണങ്ങളുടെയും ലഭ്യത, വിതരണത്തിലെ തടസങ്ങൾ എന്നിവയും പരിശോധിക്കും. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ, അടിയന്തിര അറ്റകുറ്റപ്പണികൾ ആവശ്യമായ ആശുപത്രി വിഭാഗങ്ങൾ, രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന സാഹചര്യങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് അവയ്ക്ക് മുൻഗണന നൽകി പരിഹാര നടപടികൾ ആവിഷ്‌കരിക്കും. പൊതുജനങ്ങൾ, ആരോഗ്യപ്രവർത്തകർ, ആശുപത്രി മാനേജ്മെന്റ് സമിതികൾ, ജനപ്രതിനിധികൾ തുടങ്ങിയവരിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങളും പരാതികളും ക്രോഡീകരിച്ച് ആരോഗ്യ മേഖലയെ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനുള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകും.
'കായകൽപം' പരിപാടിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സർക്കാർ ആശുപത്രികൾ, ആയുഷ് സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ, ആശുപത്രി വികസന സമിതികൾ (HDS), ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികൾ (HMC), ജനപ്രതിനിധികൾ, ആരോഗ്യ മേഖലയിലെ വിദഗ്ധർ എന്നിവർക്ക് അവരുടെ ആശയങ്ങളും നിർദേശങ്ങളും നിവേദനങ്ങളും സമർപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് പരിഹാരത്തിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കും.
ആരോഗ്യരംഗത്തിന്റെ സമഗ്ര വികസനത്തിനും ജനകീയ ആരോഗ്യ ഭരണത്തിന്റെ ശക്തിപ്പെടുത്തലിനും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം അനിവാര്യമാണ്. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ഉദ്യോഗസ്ഥർ, വിദഗ്ധർ, പൊതുജനങ്ങൾ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ആരോഗ്യ സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കി മാറ്റാൻ കഴിയുക. ഈ കൂട്ടായ്മയുടെ ശക്തിയെ പ്രയോജനപ്പെടുത്തി ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികൾക്ക് ദീർഘകാല പരിഹാരങ്ങൾ കണ്ടെത്തുന്നതാണ് 'കായകൽപം' പദ്ധതി. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അനുസൃതമായ ആരോഗ്യ സംവിധാനത്തെ രൂപപ്പെടുത്തുന്നതിനുമുള്ള പുതിയ ചുവടുവെപ്പാണ് 'കായകൽപം'. ആരോഗ്യ കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുന്ന ഈ ജനസമ്പർക്ക പരിപാടി, ജനങ്ങളുടെ ശബ്ദം നയരൂപീകരണത്തിന്റെ ഭാഗമാക്കിമാറ്റി ആരോഗ്യരംഗത്ത് കൂടുതൽ ഫലപ്രദവും സുസ്ഥിരവുമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും.
English
മലയാളം
15 Jun, 2026